
കൊച്ചി: ഹോസ്റ്റലിന്റെ ഏഴാം നിലയിൽ നിന്നും വീണ് മെഡിക്കൽ വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ അസ്വാഭാവികതയില്ലെന്ന് അധികൃതർ. ണ്ണൂർ ഇരിക്കൂർ പെരുവിലത്തുപറമ്പ് നൂർ മഹലിൽ മജീദിന്റെയും സറീനയുടെയും മകൾ ഫാത്തിമത് ഷഹാന (21)യുടെ മരണത്തിലാണ് അധികൃതരുടെ വിശദീകരണം. ഏഴാം നിലയിലെ കൈവരിക്കു മുകളിൽ ഇരുന്നു ഫോൺ ചെയ്തപ്പോൾ അപ്രതീക്ഷിതമായി പെൺകുട്ടി താഴെ വീഴുകയായിരുന്നെന്ന് കോളജ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.
പറവൂർ ചാലായ്ക്ക ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ കോളജിലെ രണ്ടാം വർഷ എംബിബിഎസ് വിദ്യാർത്ഥിനിയാണ് ഫാത്തിമത് ഷഹാന. ശനിയാഴ്ച രാത്രി 11.5നാണ് അപകടമുണ്ടായത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പുലർച്ചെ മരിച്ചു. മറ്റു കുട്ടികളും സംഭവം നടക്കുമ്പോൾ ഇവിടെയുണ്ടായിരുന്നു. ഫോണിൽ സംസാരിക്കുന്നതിനിടെ താഴെപോയ ഹെഡ്സെറ്റ് എടുക്കാനുള്ള ശ്രമത്തിനിടെ ഷഹാന കാൽവഴുതി വീണതാണെന്നാണ് കൂട്ടുകാരികൾ പറയുന്നത്. കോറിഡോറിനും ചുമരിനും ഇടയിലുള്ള വിടവിലൂടെ ഷഹാന അബദ്ധത്തിൽ താഴേക്ക് വീണെന്നാണ് എഫ്ഐആറിൽ പറയുന്നത്.
കോറിഡോറിൽ ഇരുമ്പ് കൈവരികളുണ്ട്. ഇതിന് സമീപത്ത് ഫയർ സുരക്ഷാ സംവിധാനങ്ങൾ സജ്ജീകരിച്ച സ്ഥലം ജിപ്സം ബോർഡ് കൊണ്ടാണ് മറച്ചിരുന്നത്. ജിപ്സം ബോർഡ് തകർത്താണ് ഷഹാന താഴേക്ക് വീണത്. ഹോസ്റ്റൽ കെട്ടിടത്തിൻറെ കോറിഡോറിൽ വച്ച് സംഭവത്തിൽ സുരക്ഷ വീഴ്ച ഉണ്ടായോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. കോളജ് ഹോസ്റ്റലിൽ ഫൊറൻസിക് വിദഗ്ധർ പരിശോധന നടത്തി.










